Ettumanoor Visheshangal

Saturday, August 2, 2014

മഴ, പ്രണയം, പനി

കാലം കുലംകുത്തിയൊഴുകിയ പുഴയരികിൽ
ഇനി സ്വപ്നങ്ങൾ വില്ക്കാൻ നീ വരികയില്ലല്ലോ
ആകാശമുല്ല പൂത്തതും, കാക്കപ്പൊന്നുകൊണ്ടു കൊട്ടാരം
പണിതതും, അല്ലിപ്പൂമൊട്ടിൻറെ ചന്തത്തിൽ
നിന്നെപ്പുണർന്നതും പഴങ്കഥ.

വാലില്ലാ നക്ഷത്രക്കുഞ്ഞുങ്ങളെ നീ വലവീശിപ്പിടിച്ചതും
വെള്ളിമൂങ്ങയുടെ ശകുനത്തിൽ നീ
പൊറാട്ടാടിയതും, കൂത്തുകഴിഞ്ഞ വേദിയിൽ
പ്രഹസനമാടിയതും ബധിരവിലാപത്തിൻറെ
നാൾവഴികളിൽ കുറിച്ച പുരാരേഖ.

ഈ പെരുമഴക്കാലത്ത് സൂകരപ്രസവത്തിനെന്തു പ്രസക്തി.
കാക്കക്കൂട്ടിൽ കുയിലുകൾ തക്കംപാർത്തിരുന്ന്
മുട്ടവിരിയിച്ച കഥ നിനക്ക് പാണൻ
പാടിയ കഥപോലെ കല്ലിന്മേൽ വര.
മഴയിൽക്കുരുത്ത തകരപോലെ നിൻറെ മോഹങ്ങൾ
ആർത്തുവളരുമ്പോഴും...പട്ടിണി വരച്ചകോലങ്ങൾപോലെ
നിൻറെ സ്വപ്നങ്ങൾ തോരാനിടട്ടെ.

മഴ, പ്രണയം..പനി
ഈ പ്രണയപ്പനിയിൽ കരകവിഞ്ഞൊഴുകുന്ന പുഴപോലെ
നീ കടവറിയാതെ കരയറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.
എങ്കിലും അകലെ സൂര്യനുദിക്കുമ്പോൾ
ഒരു കണ്ണീർക്കണത്തിൻ നീരാവിയായി ഉയരുകയും
മറ്റൊരു ദിക്കിൽ മറ്റൊരു പെരുമഴയായിപ്പെയ്യുകയുമെന്നത്
നിൻറെ വികൃതി.
ഇത് കാലത്തിൻറെ കയ്യൊപ്പുപോലെ;
പെയ്യുന്ന മഴപോലെ സത്യം!



Sunday, June 15, 2014

സൗഹൃദം

ഹൃദയം ഹൃദയത്തിൽ ചേർത്തുവെയ്ക്കുന്നൊരീ
അനുപമസുന്ദരഗാനമീ സൗഹൃദം
ഹൃദയത്തിൽ തുളസിക്കതിരിൻറെ നൈർമ്മല്യം
പകരുവാനെത്തുന്ന തണുവാണീ സൗഹൃദം
മരതകമാണിക്യമുത്തുപോൽ സ്നേഹത്തിൻ
രത്നങ്ങൾ വാരിവിതറുമീ സൗഹൃദം
മനതാരിൽ ആശകൾ പൂവിടാനെന്നും
വിശ്വാസതണ്ണീരാൽ നനച്ചിടും സൗഹൃദം.

വരിക നീ സൗഹൃദകിളിമകളെ
പാടുക നീയിന്നെനിക്കായി പാട്ടുകൾ
വരിക,  തരിക  നിൻ ജീവിതം,  നമുക്കായി
കരുതുക നാം കണ്ട സ്വപ്നങ്ങളോമലേ
പോവാം നമുക്കായി നാം നെയ്തെടുത്തൊരാ
സ്വപ്നസ്വർഗ്ഗങ്ങൾ തേടി നാമോമലേ
പാടാം നമുക്കവിടെ പ്രേമത്തിൻ ഗാനങ്ങൾ
ശ്രുതിചേർത്തു താളമായ് ലയമായ് നാദമായ്,
കൈപിടിച്ചീടുക, മുന്നോട്ടു കാൽവെച്ചു
പോവാം നമുക്കാ സൗഹൃദപൂന്തോപ്പിൽ.


Sunday, March 23, 2014

കതിർമണികൾ-2



1. 
''പ്രണയം ഏതു തുറക്കാത്ത വാതിലുകളും തുറക്കുന്നു.
ഏതു പർവ്വതങ്ങളും കീഴടക്കുന്നു.
ഏതു കടലുകളും നീന്തിക്കയറുന്നു.
ഏതു വറ്റിയ പുഴകളിലും തെളിനീരായി നിറയുന്നു.
ഏതു കരിഞ്ഞുണങ്ങിയ പാടത്തും പുതുനാമ്പായി മുളയ്ക്കുന്നു
ഏതു ചുണ്ടുകളിലും ചുംബനപ്പൂവായി വിടരുന്നു.
പ്രണയം എന്നിൽ നീയായി വിടരുന്നു."
2. 
'മനുഷ്യനെ, അവൻറെ നഷ്ടപ്പെട്ട ആറാമിന്ദ്രിയം പോലെതന്നെ,  നഷ്ടപ്പെട്ട ജാഗ്രതയും, മറ്റുള്ളവരുടെ അടിമയും വിധേയനുമാകാൻ പ്രേരിപ്പിക്കുന്നു.'
3. 
'സൗഹൃദങ്ങൾ നമ്മളെ കുളിർ കാറ്റുപോലെ തഴുകിയാശ്വസിപ്പിക്കുകയും, മുരളീഗാനംപോലെ നമുക്ക് ശാന്തിപകരുകയും, നറുനിലാവുപോലെ നമ്മുടെ മനസ്സിനെ പുളകിതമാക്കുകയും, പുഴയിലെ തെളിനീരിൻറെ തണവുപോലെ കുളിരലക്കയ്യുകളാൽ നമ്മെ പുണരുകയും ചെയ്യുന്നു.!'
4. 
''സൗഹൃദക്കിളിവാതിലിലൂടെ ഞാൻ നിന്നെ കണ്ടു, നിന്നെയറിഞ്ഞു;
പക്ഷേ നിൻറെ അകമിപ്പോഴും എനിക്കു പുറംതിരിഞ്ഞു നില്ക്കുന്നു."
5. 
'ഓരോ സൗഹൃദങ്ങളും നിങ്ങളാരെന്നും എന്തെന്നും, എങ്ങിനെയന്നും നിങ്ങളെ അറിയിക്കുന്ന ഉരകല്ലുകളാണ്.'
6. 
'മറ്റുള്ളവരെ പല്ലും നഖവും ഉപയോഗിച്ച് വിമർശിക്കുന്നവർ എന്തുകൊണ്ടാണ് തൻറെ നേരെ ഉയരുന്ന ഒരു ചെറുവിരലനക്കത്തിൽപോലും അസ്വസ്ഥരാകുന്നത്? മറ്റുള്ളവരുടെ ജീവിതവും തൻറെ ജീവിതംപോലെ വിലപ്പെട്ടതാണെന്ന് നാം എന്തുകൊണ്ടു മറക്കുന്നു!'
7. 
"സ്നേഹം, പ്രണയം, രതി ഇവ പരസ്പരം കണ്ണുപൊത്തിക്കളിക്കുന്ന കളിവീടല്ലയോ ജീവിതം."
8. 
നമ്മുടെയൊക്കെ മോഹങ്ങൾ മൊട്ടിട്ടു പൂവായ് വിരിയുമെന്നുള്ള പ്രതീക്ഷയാണ് പലപ്പോഴും മുന്നോട്ടുള്ള ജീവിതയാത്രയുടെ ചാലകശക്തി. എന്നിരുന്നാലും ഏതു തരത്തിലുള്ള പ്രതിസന്ധികളും മോഹഭംഗങ്ങളും ഉണ്ടായേക്കാം എന്നുള്ള കരുതൽ ജീവിതത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാണുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും വഴിനടത്തുകയും ചെയ്യും.
9. 
ജീവിതം നല്ലതുമാത്രം തരുന്ന, ഒരക്ഷയപാത്രംപോലെ ഒരിക്കലും അവസാനിക്കാത്ത മോഹങ്ങളെ പൂർത്തീകരിക്കുന്ന, നീയെന്ന മരീചികയെ യാഥാർത്ഥ്യമാക്കിത്തരുന്ന, സങ്കല്പമായി എന്നും തുടരുന്നതുകൊണ്ടാണ്, ഞാൻ ഞാനായിരിക്കുന്നത്!
10.
"സ്ത്രീയേ, നീയെൻറെ ജീവിതത്തിൻറെ അവകാശിയും അടയാളവുമാകുന്നു."

Thursday, December 26, 2013

പക്ഷീമരം

ഉയരമേറുന്നൊരീ പക്ഷീമരത്തിൻറെ
ശിഖരങ്ങളൊക്കെ ദ്രവിച്ചുപോയീ
ഇലകളില്ലാത്തൊരു,തണലേകാറില്ലാത്
പടുവൃക്ഷമല്ലയോ പക്ഷീമരം.

പഴയകാലത്തിൻറെ കഥകൾ പാടീടാൻ
നാവുകളിനിയെത്രവേണമെൻ കൂട്ടരേ
തണലേകിനില്ക്കുന്ന ഭീമൻമരത്തിൻറെ
ശിഖരത്തിലെത്രയോ കിളികൾ വാണൂ
കാകനും, തത്തയും ചെമ്പോത്തും മൈനയും
ഓലേഞ്ഞാലിക്കിളിക്കുഞ്ഞും കുയിലും
അത്ഭുതത്തോടെ നാം കണ്ടുനില്ക്കുന്ന-
വരൊത്തുവസിക്കുന്നീ മാമരത്തിൽ.
ബാല്യത്തിൻ കൗതുകക്കാഴ്ചയുടെനേരം
‘പക്ഷീമരമെന്ന’ പേരു ചൊല്ലീ
കേട്ടവർ കേട്ടവർ പക്ഷീമരമെന്ന
പേരിനെയാവർത്തിച്ചങ്ങുറപ്പിച്ചു.

ഊഞ്ഞാലിലാടിയ ബാല്യകാലത്തിൻറെ
ആരവമിന്നും മുഴങ്ങുന്നു കാതിൽ
അന്യോന്യം കൂക്കിവിളിച്ചുരസിച്ചു നാം
തുഞ്ചത്തിലെയില കയ്യിലെത്തുമ്പോൾ.

നാളുകളെത്രകഴിഞ്ഞു മുന്നോട്ടിന്നീ-
കാലചക്രംതിരിയുന്ന മാർഗ്ഗം
അന്നത്തെ പക്ഷീമരത്തിന്നവകാശി-
യിന്നിതാ ലോകമറിയുന്നപ്രതിഭയായ്
വന്യച്ഛായാഗ്രഹണവിദ്യയിലിന്നവളെയ-
ങ്ങേറ്റം നിപുണയായ് മാറ്റുന്നു കാലം.
കാനനമേടതിൽ ചുറ്റിത്തിരിഞ്ഞ-
വളേകിയ ചിത്രങ്ങളെത്ര ഗംഭീരം!

തുലാവർഷം കലിതുള്ളി പെയ്തൊരാവേളയിൽ
ശിഖരങ്ങളിടിവെട്ടി, ക്കരിഞ്ഞുവീണൂ
പക്ഷീമരമന്നു ജീവച്ഛവമായി
ഒറ്റത്തടിയായി നില്പതായീ.

വ്യാഴവട്ടക്കാലം കഴിയുന്ന വേളയിൽ
അത്ഭുതമായൊരു കിളിനാദം കേൾപ്പൂ,
പക്ഷീമരത്തിൻറെ പൊത്തിൽനിന്നും
പക്ഷിക്കുഞ്ഞൊന്നു തലനീട്ടിവന്നു.
ഉള്ളംതളിർത്തൂ, കൗതുകമാർന്നവൾ
തലനീട്ടും കുഞ്ഞിൻറെ ചിത്രം പകർത്തി
ലോകംമുഴുവനും കൗതുകത്തോടെയാ
ചാരുതനെഞ്ചേറ്റി ലാളിച്ചുമോദാൽ.

യാത്രപോയിട്ടവൾ തിരികെയെത്തുന്നേരം
ഞെട്ടലോടവൾനിന്നു നിലവിളിച്ചു
ഉള്ളിൻറെയുള്ളിലെ സ്നേഹമോടെയവൾ
നെഞ്ചേറ്റിലാളിച്ച പക്ഷീമരമില്ല.
എവിടെൻറെ പക്ഷീമരമെവിടെ? പറയൂ
അരുമയാം പക്ഷിക്കുഞ്ഞെവിടെ? എവിടെ?
ഇടനെഞ്ചുപൊട്ടും വേദനയോടവൾ,
ചോദിച്ചിതച്ഛനോടെൻറെ കുഞ്ഞെവിടെ?
നിർവ്വികാരത്തോടെയച്ഛൻ പറഞ്ഞു
പാഴ്മരമെന്തിനു നിർത്തീടണം?
പാഴ്ത്തടിവാങ്ങുവാൻവന്നവർക്കിന്നലെ
ഞാനതുനല്കി, പണവും കിട്ടി.
നെഞ്ചിൽത്തുളയ്ക്കും കഠാരയായച്ഛൻറെ
വാക്കുകൾ കാതിൽ മുഴങ്ങുന്നതിപ്പൊഴും.

പക്ഷീമരത്തിൻറെ വീഴ്ചയുമൊടുങ്ങലും
പക്ഷിക്കുഞ്ഞിൻറെ നിലവിളിയും
ഓർക്കുവാനേയിഷ്ടമില്ലാത്തോ-
രോർമ്മയായ് വേട്ടയാടീടുന്നിതവളെയിന്നും!.
ഓർക്കുവാനേയിഷ്ടമില്ലാത്ത-
മനസ്സിൻറെ തേങ്ങലായ് മാറുന്നു –പക്ഷീമരം!

---------------
(“പക്ഷീമരമെന്ന’ ഈ കവിത എൻറെ പ്രിയസുഹൃത്തും വന്യജീവിഫോട്ടോഗ്രഫറുമായ Aparna Purushothaman-ന് സമർപ്പിക്കുന്നു. )

Friday, December 20, 2013

രതിയുടെ പൂക്കൾ വിരിയും കാലം

രാവിൻറെ നീലകമ്പളത്തിൽ പറന്നു പറന്നു പറന്ന്.......
ചെഞ്ചുണ്ടുകളിൽ തേൻ നുകർന്നും
നിൻറെ മന്ദ്രനിനാദ കൂജനങ്ങളിൽ
രോമഹർഷമേറിയും
കണ്ണേറു കിട്ടാതെ കാത്തുസൂക്ഷിച്ചിടും
മാതളതേൻപഴം നേദിച്ചു തന്നും
ആരോരുമറിയാത്ത കല്പകോദ്യാനത്തിൽ
നാം രണ്ടിണക്കിളികളായി പറന്നും....
നീയെന്നിൽപൂത്തതിതെത്ര വേഗം....
രതിയുടെ പൂക്കൾ വിരിയിച്ചിതെത്ര വേഗം!

Wednesday, December 18, 2013

അടഞ്ഞ വാതിലുകൾക്കപ്പുറം

അടഞ്ഞവാതിലുകൾക്കപ്പുറം
നിന്നു കത്തിയുരുകുന്ന ശരീരങ്ങൾ
ഇരുളിൻറെ കൈപ്പിടിയിൽ നിന്ന് മനസ്സ്
കുതിച്ചു പായുകയും
ശരീരങ്ങൾ ബന്ധനങ്ങൾ വിട്ട്
ഏഴുകടലിനപ്പുറത്തേക്ക്
പായുകയും ചെയ്തു.

കുന്നിറങ്ങി
സമതലംകടന്ന്
അനന്തമായ കടലിൻറെ
ആഴങ്ങളിലേക്ക്
മത്സ്യകന്യകമാരുടെ
മാണിക്യകൊട്ടാരങ്ങളിലേക്ക്
കഥയുടെ കൈപിടിച്ച്
അവർ പടിയിറങ്ങി.

താരാട്ടിൻറെ ഈണംമൂളി
കൈതയോലക്കാവുകൾ പിന്നിട്ട്
പച്ചപ്പായൽ നിറഞ്ഞ
കുളത്തിൽ മുങ്ങിനിവരുമ്പോൾ
ശരീരത്തെ ചേർത്തുപിടിച്ച
മൃദുലതയിൽ കൗമാരത്തിൻറെ
വർണ്ണവിസ്മയങ്ങൾ പൂത്തു.

ഫ്ലാറ്റിൻറ ചുതരക്കള്ളികൾക്കുള്ളിൽ
ജീവിതം ചുറ്റിത്തിരിഞ്ഞ്
ഇളകിത്തെറിച്ചുപോകുന്ന
പമ്പരംപോലെ രാത്രിജീവിതം
നീലിച്ച സ്വപ്നങ്ങളുടെ ഗുഹാമുഖങ്ങൾ
കയ്യെത്തും ദൂരത്ത്
വിലക്കപ്പെട്ടകനി.

കുതിച്ചുപായുന്ന യാഗാശ്വം
കുളമ്പടിയുടെ തിരയിളക്കം
അന്യോന്യം ഉള്ളറിഞ്ഞതിൻറെ
ആകുലത.
മനസ്സിൽ തിളച്ചുമറിയുന്ന
സമസ്യകൾക്ക് അവധി.
അരുതുകളുടെ കയ്പ്.

വിലങ്ങുകൾ എവിടെയോ
പൊട്ടിത്തകർന്നു.
തിരയിളകി
കടലിളകി, കരചിരിച്ചു.
തിരയിളകി കടലെടുത്തു
കരചിരിച്ചു കഥയറിഞ്ഞു.
തിരയൊടുങ്ങി മലകയറി.

കത്തിജ്വലിക്കുന്ന ശരീരവും
മനസ്സുമായി അടഞ്ഞ
വാതിൽതുറന്ന് പുറംലോകത്തേക്ക്
തികച്ചും അപരിചിതരെപ്പോലെ
അവർ യാത്ര തുടർന്നു.

Saturday, December 7, 2013

പ്രണയിക്കുന്നവർക്കായി



പ്രണയം  മഹാനിദ്രയിൽ വിടരും സ്വപ്നമായ്-
ചിറകടിച്ചാർത്തു പറന്നിടട്ടെ
മനസ്സിലൊരു താരകപ്രഭയായി നമ്മുടെ
ഹൃദയത്തിൻ വീഥിയിൽ തെളിഞ്ഞിടട്ടെ
നറുനിലാവെണ്മയായ്,  കുളിർകാറ്റില-
ലിയുന്ന,  ജീവിതസുഗന്ധമായൊഴുകിടട്ടെ
വിറകൊണ്ട നൊമ്പരം ചിറപൊട്ടിയൊഴുകവേ,
പ്രണയമൊരു മഴയായി പെയ്തു നിന്നൂ.

അലിയുന്ന ചുണ്ടിലെ വിരഹത്തിൻ
വേദനയൊരു മധുരചുംബനമായിടട്ടെ
തളിർമേനിപുല്കിപ്പുണരുവാൻവെമ്പുന്ന
മനവുമായ് ഞാൻ കാത്തു കാത്തങ്ങിരിക്കവേ
ഇടറും മനമോടെയരികത്തു വന്ന നീ
തേന്മാവിൽപടരുന്ന വള്ളിയായ് മാറീ
പ്രണയത്തിൻച്ചൂടിൽ, വിടരുവാൻ വെമ്പുന്ന
മലരിതൾ കാഴ്ചയായർപ്പിച്ചു നീ
മിഴിപാതിമെല്ലെയടയവേ നിൻ ചുണ്ടിൽ
വിരിയുന്ന മന്ദസ്മിതത്തേൻ നുകർന്നു ഞാൻ.


പ്രണയിനീ നിൻറെ സ്നേഹം തുടിക്കുന്ന
പുഴയിൽ ഞാൻ, പ്രണയപ്പുഴയിൽ ഞാൻ
മുങ്ങിനിവർന്നിടട്ടെ,   പ്രണയസ്വപ്നങ്ങൾ
തളിർക്കുന്ന കണ്ണിൽ ഞാൻ ചുടുചുംബനം,
എൻ പ്രണയത്തിൻ ചുടുചുംബനം ഞാനേകിടട്ടെ.

കാലമൊരു കല്പാന്തം പിന്നിട്ടുവെന്നോ, യീ-
പ്രളയജലമതിലിരുവർ നാം മുങ്ങിനിവരുക
അന്യോന്യമങ്ങു പുണർന്നുപുണർന്നു നാം
തമ്മിലറിയുക,യുള്ളിൽ നിറയുക.

ഹൃദയങ്ങൾതമ്മിൽ കൊരുത്തു കൊരുത്തു
നാമണിയുന്നമണിമാലയാണോ പ്രണയം?
പ്രണയം, തമ്മിലിണചേരുമീരണ്ടുമിഥുനങ്ങൾ
കുറുകുന്ന കുറുകലാണോ?
പ്രണയം,  തമ്മിൽ കൊക്കുരുമ്മീടുന്ന കിളികളുടെ
കളനാദധാരയാണോ?
പ്രണയം,  പ്രണയത്തിലുണരുന്നോ,രവിടെയൊടുങ്ങുന്ന
ആദിമനാദ തരംഗമാണോ?
പ്രണയം നമ്മിലറിയാത്തയറിവായി
വിടരുന്നചെമ്പനീർ പുഷ്പമാണോ?
-----------------------